ദൈവത്തിന്റെ ത്രിയേകത്വം
ക്രിസ്തീയ വിശ്വാസത്തിൽ ഒരുപക്ഷേ വിശദീകരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ആശയമാണ് ത്രിയേകത്വം എന്നുള്ളത്. ഞാനിവിടെ ആമുഖമായി ചില കാര്യങ്ങൾ പറഞ്ഞിട്ട് അടുത്ത പാരഗ്രാഫിൽ ഈ വിഷയം പറയാം. ദൈവത്തെ നമ്മുടെ ബുദ്ധികൊണ്ട് മനസ്സിലാക്കുന്നതിന് പരിമിതികൾ ഉണ്ട്. അത് നമ്മുടെ ബുദ്ധിയുടെ പരിമിതിയാണ് . നമ്മൾ ഒരായിരം ചോദ്യങ്ങൾ ചോദിക്കുകയും അതിനൊക്കെ വ്യക്തമായി ഉത്തരം ലഭിക്കുകയും ചെയ്താലും ദൈവത്തിന്റെ യഥാർത്ഥ ചിത്രം നമ്മുടെ മനസ്സിൽ രൂപപ്പെടുത്താൻ കഴിയും എന്ന് തോന്നുന്നില്ല. അപ്പോൾ പിന്നെ ദൈവത്തെ അറിയുക എന്നു പറഞ്ഞാൽ ഒരു അമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞ് അമ്മയെ മനസ്സിലാക്കും പോലെ നമ്മൾ ദൈവത്തെ മനസ്സിലാക്കുക എന്നതാണ് ഏക മാർഗ്ഗം. കുഞ്ഞിന് വലിയ കാര്യങ്ങൾ ഒന്നും അറിയില്ല, എന്നാൽ ഒന്നറിയാം, ഈ ലോകത്ത് ആ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അമ്മയുടെ കൈകളോളം സുരക്ഷിതമായ വേറൊരു സ്ഥലമില്ല എന്നത്. അതുപോലെ ഈ ലോകത്ത് ദൈവത്തോളം നമ്മെ സ്നേഹിക്കുന്ന ആരുമില്ല, നമുക്കു മനസ്സിലായാലും ഇല്ലെങ്കിലും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന സകലത്തെയും ആത്യന്തികമായി നമ്മുടെ നന്മയ്ക്കായി ദൈവം കൂട്ടിച്ചേർക്കുന്നു. ഇനി കാര്യത്തിലേക്ക് വരാം. പര...