ദൈവത്തിന്റെ ത്രിയേകത്വം
ക്രിസ്തീയ വിശ്വാസത്തിൽ ഒരുപക്ഷേ വിശദീകരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ആശയമാണ് ത്രിയേകത്വം എന്നുള്ളത്. ഞാനിവിടെ ആമുഖമായി ചില കാര്യങ്ങൾ പറഞ്ഞിട്ട് അടുത്ത പാരഗ്രാഫിൽ ഈ വിഷയം പറയാം. ദൈവത്തെ നമ്മുടെ ബുദ്ധികൊണ്ട് മനസ്സിലാക്കുന്നതിന് പരിമിതികൾ ഉണ്ട്. അത് നമ്മുടെ ബുദ്ധിയുടെ പരിമിതിയാണ്. നമ്മൾ ഒരായിരം ചോദ്യങ്ങൾ ചോദിക്കുകയും അതിനൊക്കെ വ്യക്തമായി ഉത്തരം ലഭിക്കുകയും ചെയ്താലും ദൈവത്തിന്റെ യഥാർത്ഥ ചിത്രം നമ്മുടെ മനസ്സിൽ രൂപപ്പെടുത്താൻ കഴിയും എന്ന് തോന്നുന്നില്ല. അപ്പോൾ പിന്നെ ദൈവത്തെ അറിയുക എന്നു പറഞ്ഞാൽ ഒരു അമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞ് അമ്മയെ മനസ്സിലാക്കും പോലെ നമ്മൾ ദൈവത്തെ മനസ്സിലാക്കുക എന്നതാണ് ഏക മാർഗ്ഗം. കുഞ്ഞിന് വലിയ കാര്യങ്ങൾ ഒന്നും അറിയില്ല, എന്നാൽ ഒന്നറിയാം, ഈ ലോകത്ത് ആ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അമ്മയുടെ കൈകളോളം സുരക്ഷിതമായ വേറൊരു സ്ഥലമില്ല എന്നത്. അതുപോലെ ഈ ലോകത്ത് ദൈവത്തോളം നമ്മെ സ്നേഹിക്കുന്ന ആരുമില്ല, നമുക്കു മനസ്സിലായാലും ഇല്ലെങ്കിലും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന സകലത്തെയും ആത്യന്തികമായി നമ്മുടെ നന്മയ്ക്കായി ദൈവം കൂട്ടിച്ചേർക്കുന്നു.
ഇനി കാര്യത്തിലേക്ക് വരാം. പരിശുദ്ധ ത്രിത്വം എന്നത് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ശിലയാണ്. എല്ലാവർക്കും അറിയാവുന്നതുപോലെ ക്രിസ്തീയ വിശ്വാസം യഹൂദ വിശ്വാസത്തിൽ അടിസ്ഥാനപ്പെട്ടതാണ്. എന്നാൽ യഹൂദൻ ത്രിയേക ദൈവത്തിൽ വിശ്വസിക്കുന്നില്ല. ഏകദൈവമായ യഹോവ അയക്കുന്ന ഒരു അഭിഷിക്തന്റെ വരവിനായി അവർ ഇന്നും കാത്തിരിക്കയാണ്. അഭിഷിക്തൻ എന്ന വാക്ക് ഗ്രീക്ക് ഭാഷയിൽ ക്രിസ്തു എന്നും എബ്രായ ഭാഷയിൽ മശിഹാ എന്നും പറയുന്നു. ആ അഭിഷിക്തൻ ദൈവമാണെന്നോ ദൈവപുത്രൻ ആണെന്നോ അവർ പറയുന്നില്ല. അപ്പോൾ ഒരു ക്രിസ്ത്യാനി സ്വാഭാവികമായി യഹൂദ മതത്തിൽ ഇല്ലാത്ത ത്രിത്വ വിശ്വാസം എങ്ങനെയാണ് ക്രിസ്തീയ വിശ്വാസം ആയത് എന്ന് ചിന്തിച്ചാൽ അതിൽ തെറ്റു പറയാനാകില്ല. ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം, ദൈവം മനുഷ്യന് സ്വയം വെളിപ്പെടുത്തുന്നത് അതാത് കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് ഭാഗം ഭാഗമായിട്ടാണ്. നോഹക്ക് ലഭിച്ച വെളിപ്പാട് അല്ല അബ്രഹാമിന് ലഭിച്ചത്, വീണ്ടും മോശക്ക് കൂടുതൽ വ്യക്തമായ ഒരു ചിത്രം ലഭിച്ചു. എന്നാൽ യേശുവാണ് പിതാവിനെ കുറിച്ച് തികച്ചും വ്യക്തവും കൃത്യവുമായ ചിത്രം നൽകുന്നത്. ഇതാണ് എബ്രായ ലേഖനം ഒന്നും രണ്ടും വാക്യങ്ങളിൽ പറയുന്നത്. ആ വെളിപ്പാടുകളുടെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. നമുക്ക് ത്രിയേകത്വം എന്ന ആശയത്തെ അല്പം കൂടെ മനസ്സിലാക്കാൻ ശ്രമിക്കാം. നമുക്കറിയാം ദൈവം എന്നത് പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് വ്യക്തിത്വം ആണെന്ന്. ഒരുമിച്ച് പ്രവർത്തിക്കുന്ന മൂന്നു വ്യക്തിത്വം എന്ന് മനസ്സിലാക്കാൻ വലിയ പ്രയാസം ഇല്ല. എന്നാൽ ഇത് ഏകമാണ് എന്ന് പറയുമ്പോൾ അതും മനസ്സിലാക്കാൻ പറ്റിയ ഒരു ഉദാഹരണം നമ്മുടെ മുമ്പിൽ ഇല്ല. നമ്മൾ സാധാരണ പറയാറുള്ള ഒരു ഉദാഹരണം ദേഹം, ദേഹി, ആത്മാവ് എന്നിവ കൂടിച്ചേർന്ന മനുഷ്യൻ എന്നതാണ്. എന്നാൽ നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു ഉദാഹരണത്തിനും ദൈവത്തിന്റെ ഏകത്വത്തെ കൃത്യമായി പ്രതിഫലിപ്പിക്കാൻ കഴിയില്ല. എങ്ങനെയാണ് ത്രിത്വമായ ദൈവം ഏകനാകുന്നത്? വളച്ചു കെട്ടാതെ പറയാം. ദൈവത്തിന്റെ ഏക മനസ്സ്.. അതാണ് ഏകത്വം... പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തിത്വങ്ങൾ ഓരൊറ്റ മനസ്സിൽ ആണ് നിലനിൽക്കുന്നത്, മൂന്നു ദൈവഹിതം ഇല്ല മൂന്നു ദൈവേഷ്ടം ഇല്ല. അപ്പോൾ പിതാവേ എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നടക്കട്ടെ എന്ന് യേശു പ്രാർത്ഥിച്ചതോ? ക്രിസ്തു ശരീരത്തിൽ വസിച്ചത് ശരീരത്തിന്റെ എല്ലാ പരിമിതികളും - വിശപ്പും ദാഹവും വേദനയും എല്ലാം - ഏറ്റെടുത്തിട്ടുള്ള, മനുഷ്യന് ഉത്തമ മാതൃകയായ പൂർണ്ണ മനുഷ്യൻ ആയിട്ടാണ്. അവിടെ യേശു മനുഷ്യൻ എന്ന നിലയ്ക്കുള്ള തന്റെ വിഷയത്തെ ദൈവത്തിന്റെ തിരുഹിതത്തിന് പൂർണ്ണമായും സമർപ്പിച്ച് മാതൃക കാട്ടിയിരിക്കുകയാണ്. എന്താണ് ത്രിയേകത്വത്തിന്റെ പ്രസക്തി. വിശദമായി പറയേണ്ട വിഷയം ഒന്നോ രണ്ടോ വാചകങ്ങളിൽ ചുരുക്കി പറയുകയാണ് ഇവിടെ. ഒന്നാമത് ദൈവം സ്നേഹമാകുന്നു. സ്നേഹത്തിന് അർത്ഥം ഉണ്ടാകുന്നത് സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ്, അഥവാ ഒഴുകിക്കൊണ്ടിരിക്കുമ്പോഴാണ്. ദൈവത്തിന്റെ ഉള്ളിലുള്ള നമുക്ക് സങ്കൽപ്പിക്കാവുന്നതിന് അപ്പുറമായ സ്നേഹപ്രവാഹത്തെ നമുക്ക് തൊട്ടറിയാവുന്ന വിധത്തിൽ ഒരു വലിയ പവർഹൗസിലെ വൈദ്യുതിയെ ഒരു ചെറിയ വിളക്ക് തെളിക്കാവുന്ന വിധത്തിൽ നൽകി തന്നിരിക്കുന്നതാണ് ക്രൂശിലെ സ്നേഹം. ഒരു കാര്യം കൂടി ചേർത്തു പറയാനുണ്ട്. തന്റെ സ്നേഹത്തെ അടക്കിപ്പിടിച്ച് ഒരു കർശനക്കാരനായ പിതാവായി മനുഷ്യന് വ്യക്തമായ ന്യായപ്രമാണം നൽകി ദൈവസന്നിധിയിൽ മനുഷ്യൻ നാളെ പറയാതിരിക്കാൻ ന്യായപ്രമാണം മൂലം ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല എന്ന സത്യം മനുഷ്യനെ ബോധ്യപ്പെടുത്തിയ പിതാവിന്റെ സ്നേഹം; അബ്രഹാം തന്റെ മകനെ സമർപ്പിച്ച അതേ മോറിയ മലയിൽ പാപം അറിയാത്ത തന്റെ പുത്രൻ ലോകത്തിന്റെ പാപത്തെ വഹിച്ചുകൊണ്ട് പിടഞ്ഞു മരിക്കുമ്പോൾ മുഖം തിരിച്ചു കളഞ്ഞ പിതാവിന്റെ സ്നേഹം; പാപം എന്ന പാനപാത്രം ഏറ്റെടുത്ത് മനുഷ്യന്റെ പാപത്തിന് എന്നേക്കുള്ള പരിഹാരം വരുത്തി തന്റെ ദൗത്യം പൂർത്തിയാക്കി ഇന്ന് പിതാവിന്റെ വലതു ഭാഗത്ത് ഇരിക്കുന്ന പുത്രന്റെ സ്നേഹം; പെന്തക്കോസ്തി നാൾമുതൽ ഈ സ്നേഹത്തിലേക്ക് മനുഷ്യനെ കൂട്ടിച്ചേർത്ത് കൈപിടിച്ചു നടത്തുന്ന പരിശുദ്ധാത്മാവിന്റെ സ്നേഹം. ഇതാണ് മനുഷ്യന്റെ രക്ഷാ പദ്ധതിയുടെ രത്ന ചുരുക്കം. ദൈവം അനുഗ്രഹിക്കട്ടെ.

Comments
Post a Comment